തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും രംഗത്ത്. ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യനിർമാണ പ്ളാന്റുകൾ അനുവദിച്ചത് ആരോടും ചർച്ച ചെയ്യാതെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.
മന്ത്രിസഭാ യോഗ പരിഗണനയ്‌ക്ക് വന്ന കുറിപ്പ് ഇതിന് തെളിവാണെന്നും മറ്റൊരു വകുപ്പുമായും ഇത് ആലോചിച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വന്ന കുറിപ്പിൽ എക്‌സൈസ് മന്ത്രി രേഖപ്പെടുത്തിയതായി വിഡി സതീശൻ ആരോപിച്ചു. ഇത് സംബന്ധിച്ച കാബിനറ്റ് നോട്ടും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
”പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞവർഷം നവംബർ എട്ടിനാണ് ഫയൽ മന്ത്രിസഭാ യോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നൽകുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ ആശയവിനിമയം നടത്തുകയോ ചെയ്‌തിട്ടില്ലെന്ന് ഈ ഫയൽ വ്യക്‌തമാക്കുന്നു. സർക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവെയ്‌ക്കുന്നതാണ് മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതേയില്ല. മുന്നണിയിലും ചർച്ച ചെയ്‌തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? അതുകൊണ്ട് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാൽ മതി”- വിഡി സതീശൻ ചോദിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി