തിരുവനന്തപുരം: ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴ് സ്‌പെഷ്യലിസ്‌റ്റുകൾ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും നൽകുന്ന ചികിൽസ വിലയിരുത്തുകയും ചെയ്‌തിരുന്നു.
ഇപ്പോൾ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്, സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിൽസകൾ തുടരാനാണ് തീരുമാനമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രക്‌തസമ്മർദ്ദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിഎസിനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്‌ടർമാരോടും ബന്ധുക്കളോടും ആരോഗ്യസ്‌ഥിതി തിരക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങിയിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ അടക്കമുള്ളവർ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































