തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ പേരിനുമാത്രം ഒപ്പിട്ടതാണെന്നെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്‌ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാൻ പിഎം ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെ നിർത്തി എന്ന് മാത്രമേ ഉള്ളൂവെന്ന് മന്ത്രി ലേഖനത്തിൽ പറഞ്ഞു.
പദ്ധതിയിൽ ഒപ്പുവെച്ചാൽ കേരളത്തിലെ പാഠ്യപദ്ധതി എല്ലാം മാറ്റി കേന്ദ്രം നിശ്‌ചയിച്ച് നൽകുന്ന പാഠ്യപദ്ധതി നടപ്പിലാക്കേണ്ടി വരും എന്നത് തികച്ചും അവാസ്‌തവമായ കാര്യമാണെന്നും മന്ത്രി വിശദീകരിക്കുന്നു. ധാരണാപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ വ്യാഖ്യാനിക്കാൻ മൽസരിക്കുന്നവരിൽ ചില രാഷ്‌ട്രീയ നേതൃത്വവും കൂടിയുണ്ടെന്നത് അത്‌ഭുതപ്പെടുത്തുന്നുവെന്നും വി.ശിവൻകുട്ടി പറഞ്ഞു.
മന്ത്രിമാരെ പിൻവലിക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികളെ കുറിച്ച് സിപിഐ ആലോചിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും എന്തുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ പക്ഷത്താണ് സർക്കാരെന്നും പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്നു. വിശദീകരണത്തിൽ തൃപ്‌തിയില്ലാത്തവർ പിഎം ശ്രീ നടപ്പിലാക്കിയ സംസ്‌ഥാനങ്ങളിൽ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും എതിർക്കുന്ന ചില ദേശീയ പാർട്ടികൾക്ക് ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ജനങ്ങളെ അറിയിക്കാൻ കഴിയുമെന്നും മന്ത്രി പറയുന്നുണ്ട്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം








































