തിരുവനന്തപുരം: മലപ്പുറത്ത് പ്ളസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാന തലത്തിൽ ഉൽഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സർക്കാർ സ്കൂളിലായിരുന്നു ഉൽഘാടന ചടങ്ങുകൾ.
സ്കൂൾ പ്രവേശനോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ ക്ളാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിനായി മന്ത്രി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്. മലപ്പുറത്ത് പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. ബാർക്കോഴ ആരോപണം നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വിഡി സതീശന്റെ പക്കലാണ്. അദ്ദേഹത്തിന്റെ വീട് പരിശോധിക്കണം. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയർത്തുന്നവരാണ്. പഴയ ബാർക്കോഴ പോലെയല്ല പുതിയതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം