പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ റീടാറിങ് നടത്തി നവീകരിക്കുന്ന ജോലികൾ തകൃതിയിൽ. മണ്ണൂത്തി മുതൽ പട്ടിക്കാട് വരെ പാലക്കാട് ദിശയിലേക്കുള്ള ഭാഗത്തെ ടാറിങ്ങും, വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള പ്രവൃത്തികളും പൂർത്തിയായി. റോഡ് നവീകരണം പൂർത്തിയാക്കി ജനുവരിയോടെ ടോൾപിരിവ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കരാർ കമ്പനിയായ കെഎംസി അധികൃതർ അറിയിച്ചു.
പന്നിയങ്കരയിലുള്ള ടോൾപിരിവ് കേന്ദ്രത്തിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ടോൾപിരിവ് തുടങ്ങാനുള്ള അനുമതിക്കായി കരാർ കമ്പനി ദേശീയപാതാ അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, ആറുവരിപ്പാതാ നിർമാണം പൂർണമാകും മുൻപ് ടോൾപിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്‌തമാണ്. കുതിരാൻ ഇടത് തുരങ്കത്തിലൂടെ ഇരുദിശകളിലേക്കും ഗതാഗതം തുടങ്ങിയതോടെ വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ സർവീസ് റോഡ് നിർമാണം പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പന്തലാംപാടം ജനകീയ സമിതി പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, കുതിരാൻ വലത് തുരങ്കത്തിലൂടെയുള്ള ഗതാഗതം, വടക്കുംപാറ മുതൽ വാണിയമ്പാറ വരെയുള്ള സർവീസ് റോഡ്, റോഡ് കടക്കുന്നതിനുള്ള നടപ്പാലങ്ങൾ, ചാലുകളുടെ നിർമാണം എന്നിവ പൂർത്തിയാകാനുണ്ട്. എന്നാൽ, ആറുവരിപ്പാതാ നിർമാണം 90 ശതമാനം പൂർത്തിയായെന്നാണ് കരാർ കമ്പനിയുടെ വാദം.
Most Read: ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ പരിശോധനക്ക് അയച്ചു





































