വാഗമൺ: കോട്ടയം വഴിക്കടവിലെ ചാർജിങ് സ്‌റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ ആണ് മരിച്ചത്. അപകടത്തിൽ ആര്യയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ട് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയിൽ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ അയാന്റെയും ആര്യയുടെയും മേലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആര്യയെ പാലായിലെ മാർ സ്‌ളീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയാനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ മോഹൻ (30). അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാർ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് വിവരം.
Most Read| ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും