തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി ജീവനക്കാരനായ ബിജുലാല്‍ രണ്ട് കോടി എഴുപത്തിനാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് ആരോപണം. കേസ് വിജിലന്‍സിന് കൈമാറണമെന്ന് പ്രത്യേക പോലീസ് സംഘം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.
ധനകാര്യ വകുപ്പിലെ ഉന്നതരെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് അന്വേഷണം നീട്ടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രഷറി സാങ്കേതിക പിഴവുകള്‍ കണ്ടെത്തുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. സര്‍ക്കാരിന് നഷ്ടം വരുത്തിയ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഇതനുസരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍, ശുപാര്‍ശ നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല. തട്ടിപ്പിന് വഴിയൊരുക്കിയത് സോഫ്റ്റ് വെയര്‍ പിഴവാണെന്ന് വ്യക്തമായതിനാല്‍ സോഫ്റ്റ് വെയര്‍ നിര്‍മാണ കരാറിനെ കുറിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. ധനകാര്യവകുപ്പിലെ ഉന്നതരിലേക്ക് അന്വേഷണം നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൂടാതെ, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സോഫ്റ്റ് വെയറുകളെ കുറിച്ചും അന്വേഷണം വേണ്ടി വരും. ഈ കാര്യങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.






































