ന്യൂഡെൽഹി: ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോകോൾ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇനിമുതൽ എല്ലാ ചടങ്ങുകളിലും ആറ് ഖണ്ഡികകൾ (മൂന്ന് മിനിറ്റും പത്ത് സെക്കൻഡും ദൈർഘ്യമുള്ള) ആലപിക്കണമെന്നാണ് നിർദ്ദേശം.
ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിൽ ഉണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല. ഇനിമുതൽ ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങൾക്ക് മുൻപും ശേഷവും ഈ ഗീതം ആലപിക്കണമെന്നാണ് നിർദ്ദേശം.
ജനുവരി 28നാണ് പത്തുപേജുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളിൽ വന്ദേമാതരത്തിന് മുൻഗണന നൽകണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. ഗീതം ആലപിക്കുമ്പോൾ സദസിൽ ഉള്ളവർ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം.
എന്നാൽ, വാർത്താചിത്രങ്ങളിലോ ഡോക്യൂമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദർശനത്തെ തടസപ്പെടുത്തിരിക്കാനാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബാന്റ് സൈറ്റുകളുടെ അകമ്പടിയോടെ വന്ദേഭാരതം അവതരിപ്പിക്കുന്ന അവസരങ്ങളിൽ ഗീതം ആരംഭിക്കുന്നതിന് മുമ്പായി ഏഴ് താളത്തിലുള്ള ഡ്രം റോൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ചടങ്ങുകൾ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവിൽ ഇൻവെസ്റ്റിറ്റ്യൂറുകൾ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയിൽ ഗീതം കേൾപ്പിക്കണം. സ്കൂളുകളിൽ രാവിലെ വന്ദേഭാരതം ആലപിക്കണമെന്നും വിദ്യാർഥികളിൽ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളർത്താൻ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































