തിരുവനന്തപുരം: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവെ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം എക്സ് പ്ളാറ്റ്ഫോം വഴി പുറത്തുവിട്ടത്. അതേസമയം, ട്രെയിനിന് എന്ന് മുതൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്നും റെയിവേ അറിയിച്ചു.
ട്രെയിനിന് ദക്ഷിണ റെയിൽവേ നിർദ്ദേശിച്ച സമയമാറ്റവും അംഗീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരൻ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നാല് ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സ്റ്റേഷനാണെന്നും രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോപ് അനുവദിച്ചു റെയിൽവേ ഉത്തരവിറക്കിയത്.
അയ്യപ്പ ഭക്തർക്ക് ഒരു സന്തോഷ വാർത്തയാണ് ഇതെന്ന് സ്റ്റോപ്പ് അനുവദിച്ചുള്ള ഉത്തരവ് സോഷ്യൽ മീഡിയ പ്ളാറ്റുഫോമായ എക്സിൽ പങ്കുവെച്ചു വി മുരളീധരൻ കുറിച്ചു. ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
Most Read| ‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി