‘എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം’ എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്നതാണ് കത്രീന അമ്മൂമ്മയുടെ ജീവിതം. 95ആം വയസിലും കെട്ടിട നിർമാണ ജോലികൾക്കായി പോകുന്ന കത്രീന അമ്മൂമ്മ എല്ലാവർക്കും ഒരു അത്ഭുതമാണ്.
പ്രായാധിക്യം കാരണം വീടിന്റെ ഏതെങ്കിലുമൊരു മൂലയിൽ ചുരുണ്ടു കൂടി കഴിയാനൊന്നും ഈ അമ്മയെ കിട്ടില്ല. പറ്റാവുന്നയിടത്തോളം എല്ലുമുറിയെ പണിയെടുക്കുക. ഇത് മാത്രമാണ് കത്രീന അമ്മൂമ്മയുടെ പോളിസി. നാട്ടിലെ ചെറുപ്പക്കാരിൽ പലരും ചെയ്യാൻ മടിക്കുന്ന ജോലിയാണ് ഈ 95ആം വയസിലും ഒരു മടിയുമില്ലാതെ, ഏറെ സന്തോഷത്തോടെ അതിലേറെ സംതൃപ്തിയോടെ കത്രീന അമ്മൂമ്മ ചെയ്യുന്നത്.
തൃശൂർ പൂങ്കുന്നം സ്വദേശിനിയാണ് കത്രീന. അൻസാർ കോളേജിലെ റോഡിന്റെ കോൺക്രീറ്റ് ജോലികളുടെ തിരക്കിലാണ് ഇപ്പോൾ കത്രീന. കോൺട്രാക്ടർ കുഞ്ഞിപ്പാലുവിന്റെ കരാർ ജോലിക്കായാണ് കത്രീന പത്തോളം തൊഴിലാളികൾക്കൊപ്പം എത്തിയത്. 55 വർഷമായി കത്രീന കെട്ടിടനിർമാണ ജോലിയിൽ ഏർപ്പെട്ടിട്ട്.
മക്കൾ ഒന്നടങ്കം ഈ പ്രായത്തിൽ അമ്മ ജോലിക്ക് പോകുന്നത് എതിർത്തെങ്കിലും അവയൊക്കെ അവഗണിച്ചാണ് കത്രീനാമ്മ ഇന്നും പണിയെടുക്കുന്നത്. ജോലിക്ക് ഒരു ദിവസം പോകാതിരുന്നാലാണ് ക്ഷീണമെന്നാണ് കത്രീനയുടെ അഭിപ്രായം. ഇതോടെ മക്കൾ അമ്മയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ദിവസവും വെളുപ്പിന് വാർക്ക പണിക്കായി പോകും. കോൺക്രീറ്റ് മിക്സിങ്ങാണ് പണി. ഇതിനിടയിലുള്ള ചുട്ടുപൊള്ളുന്ന വെയിലൊന്നും കത്രീനാമ്മക്ക് ഒരു പ്രശ്നമേ അല്ല.
ഭർത്താവ് ബേബി 27 വർഷം മുമ്പാണ് മരിച്ചത്. പിന്നീട് മക്കളെ വളർത്താനായി ജോലിക്ക് പോയി തുടങ്ങി. പിന്നെ അത് നിർത്താതെ തുടർന്നു. ഇപ്പോൾ 55 വർഷം പിന്നിട്ടു. മക്കളിൽ മൂത്ത മകന് 60 വയസായി. മരണം വരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഈ 95-കാരി.
സോഷ്യൽ മീഡിയകളിൽ കത്രീന അമ്മൂമ്മ ഇപ്പോൾ വൈറലാണ്. മുൻ മുഖ്യമന്ത്രി കരുണാകരൻ, സിനിമാതാരം മമ്മൂട്ടി എന്നിവരിൽ നിന്ന് ആദരവുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.
Most Read| എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്കൂളിന് ഇരട്ടി മധുരമല്ല, ‘ഇരട്ട’ മധുരം