തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട് പുറത്ത്. വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് ഡിഐജി കഴിഞ്ഞവർഷം സെപ്തംബറിൽ കൈമാറിയ കത്താണ് പുറത്തുവന്നത്.
സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. അഴിമതി നിരോധന നിരമപ്രകാരമുള്ള കുറ്റങ്ങൾ സതീശൻ ചെയ്തതായി കണ്ടെത്താനായില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ നൽകിയതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.
11 മാസങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു ശുപാർശ നൽകിയിരുന്നത്. എന്നാൽ, വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 2025 സെപ്തംബറിലാണ് സതീശനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡിഐജി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുനർജനി പദ്ധതി സംബന്ധിച്ച് പ്രധാനമായും നാല് കാര്യങ്ങളാണ് കത്തിലുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താൻ ആയിട്ടില്ലെന്നതാണ് ഒന്നാമത്തേത്. വിദേശ സന്ദർശനത്തിന് ശേഷം സതീശൻ വസ്തു വാങ്ങിയതായി പരാതിയിൽ ആരോപിച്ചിട്ടില്ലാത്തതിനാൽ ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നതാണ് മറ്റൊന്ന്.
പുനർജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധ സംഘടനയാണെന്നാണ് മൂന്നാമത്തേത്. സതീശൻ ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു. നാലാമതായി, സതീശൻ അഴിമതി നിരോധന നിയമപ്രക്രമുള്ള കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.
2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അന്ന് പറവൂർ എംഎൽഎയായ വിഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് വിദേശത്തു നിന്ന് പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































