കൊച്ചി: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ വിഡി സതീശൻ രംഗത്ത്. ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന എത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്ന് തെളിയിക്കുന്നു. ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു.
”അപക്വമായ രീതിയിലാണ് ഇരുവരും സംസാരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്ന് തെളിയിക്കുന്നതാണ് രണ്ടു മന്ത്രിമാരുടെയും പ്രസ്‌താവന. കേരളത്തോട് അവർക്ക് പുച്ഛമാണ്. കേരളത്തെ പിന്നാക്ക സംസ്‌ഥാനമായി പ്രഖ്യാപിച്ചാൽ സഹായം അനുവദിക്കാമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഇവരുടെ തറവാട്ടിൽ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്ന് ഓർക്കണം”- വിഡി സതീശൻ വിമർശിച്ചു.
സംസ്‌ഥാനം നൽകുന്നത് നികുതി പണത്തിൽ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്‌ഥാനങ്ങൾക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്‌ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്. എന്നാൽ, ഇവരുടെ വാക്കുകൾ കേട്ടാൽ എന്തോ ഔദാര്യം തരുന്നത് പോലെയാണ്. തങ്ങൾക്ക് ഇഷ്‌ടം ഉണ്ടെങ്കിൽ ഇഷ്‌ടമുള്ളത്ര കൊടുക്കും. ഇല്ലെങ്കിൽ ഇല്ല എന്നതാണ് മനോഭാവമെന്നും സതീശൻ കുറ്റപ്പെടുത്തി.
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശം വിവാദമായിരുന്നു. ആദിവാസിക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡെൽഹി മയൂർ വിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി