കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്‌ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രിയായിരുന്നു സന്ദർശനം. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഒരുമണിക്കൂറിലേറെ നീണ്ടു.
സഭാ ആസ്‌ഥാനത്തെ അത്താഴവിരുന്നിലും സതീശൻ പങ്കെടുത്തു. ഏകദേശം അമ്പതോളം ബിഷപ്പുമാർ പങ്കെെടുക്കുന്ന സിനഡിനിടയിൽ പ്രതിപക്ഷ നേതാവ് എത്തിയത് ഏറെ രാഷ്‌ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ അകമ്പടിയും ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് വിഡി സതീശൻ സഭാ ആസ്‌ഥാനത്ത് എത്തിയത്.
രാത്രി ഏകദേശം 9.15ഓടെ എത്തിയ അദ്ദേഹം ഒരുമണിക്കൂറിലധികം സഭാ നേതാക്കളുമായി ചർച്ച നടത്തി. മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം, പത്തരയോടെയാണ് മടങ്ങിയത്. തിരഞ്ഞെടുപ്പ് പശ്‌ചാത്തലവും രാഷ്‌ട്രീയ പ്രാധാന്യവും നിലനിൽക്കുന്ന വേളയിലാണ് ഈ കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്.
മുൻ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിലേക്കും എൻഡിഎയിലേക്കും വിഘടിച്ചുപോയ ക്രിസ്‌ത്യൻ വോട്ടുകൾ തദ്ദേശ തിരഞ്ഞെടുപ്പോടെ തിരിച്ചെത്തിയെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മധ്യകേരളത്തിൽ നിന്നുള്ള വിജയം ഉറപ്പാക്കാൻ ക്രൈസ്‌തവ വോട്ടുകൾ നിർണായകമാണെന്നിരിക്കെ, സഭാ നേതൃത്വവുമായുള്ള ഈ ബന്ധം പുതുക്കൽ യുഡിഎഫിന് വലിയ ആത്‌മവിശ്വാസം നൽകുന്നുണ്ട്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































