കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ് ആർ അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്‌ഥലം മാറ്റാൻ വനംമന്ത്രി എകെ ശശീന്ദ്രൻ ഉത്തരവിട്ടത്.
വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നടക്കം സ്‌ഥിരീകരിക്കാത്ത പ്രസ്‌താവനകൾ അന്വേഷണമധ്യേ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയത് ശരിയായ രീതിയല്ലെന്ന് വനംമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് സ്‌ഥലം മാറ്റമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട് സമർപ്പിക്കാൻ വനം മേധാവിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഥമദൃഷ്‌ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. റിപ്പോർട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വേടനെതിരെ നടപടി എടുക്കാൻ വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്ന് തുടക്കം മുതൽ അഭിപ്രായം ഉയർന്നിരുന്നു. വകുപ്പ് മന്ത്രി തന്നെ ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും റിപ്പോർട് തേടുകയും ചെയ്‌തിരുന്നു. വേടനെ പിന്തുണച്ചും വനംവകുപ്പിനെ കുറ്റപ്പെടുത്തിയും സിപിഎം, സിപിഐ സംസ്‌ഥാന സെക്രട്ടറിമാർ രംഗത്തെത്തിയതിന് പിന്നാലെയാണ് റേഞ്ച് ഓഫീസർ തെറിച്ചത്.
വനംവകുപ്പിലെ പ്രമുഖ സർവീസ് സംഘടനകളിലൊന്നായ കേരള ഫോറസ്‌റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്‌ഥാന പ്രസിഡണ്ടാണ് അധീഷ്. കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചെങ്കിലും വേടനെപ്പറ്റി മാദ്ധ്യമങ്ങളുടെ മുന്നിൽ അധീഷ് നടത്തിയ വെളിപ്പെടുത്തലുകൾ അതിരുവിട്ടെന്ന് വനം മേധാവി മന്ത്രിക്ക് റിപ്പോർട് നൽകിയിരുന്നു.
എന്നാൽ, സെലിബ്രിറ്റിയുടെ അറസ്‌റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അധീഷിന്റെ പ്രതികരണം കൈവിട്ടുപോകാൻ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്‌ചയില്ലെന്ന് വ്യക്‌തമായ സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ നിന്നാണ് വേടൻ അടക്കം ഒമ്പതുപേരെ ആറ് ഗ്രാം കഞ്ചാവുമായി അറസ്‌റ്റ് ചെയ്‌തത്. ലഹരിക്കേസിൽ ഉടൻ തന്നെ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ വനംവകുപ്പ് വേടനെ അറസ്‌റ്റ് ചെയ്‌തു. വേടൻ ധരിച്ചിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് ആരോപിച്ചായിരുന്നു അറസ്‌റ്റ്. മൃഗവേട്ട, അനധികൃതമായി മൃഗങ്ങളുടെ ഭാഗങ്ങൾ കൈവശം വയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്‌തു.
എന്നാൽ, ഒരു സംഗീത പരിപാടിക്കിടെ ശ്രീലങ്കൻ വംശജനായ ആരാധകൻ തന്നതാണ് പുലിപ്പല്ല് എന്നായിരുന്നു വേടൻ വ്യക്‌തമാക്കിയത്. എന്നാൽ, പുലിപ്പല്ല് ശാസ്‌ത്രീയ പരിശോധനകൾ പോലും നടത്താതെ വേടനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്‌തു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ. കേസിൽ കോടതിയിൽ നിന്നാണ് വേടന് ജാമ്യം ലഭിച്ചത്.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്