കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. വിവരമറിഞ്ഞ് സംഭവ സ്‌ഥലത്ത് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് ലഭിച്ച വിവരമാണ് മാദ്ധ്യമങ്ങളുമായി പങ്കുവെച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്. പ്രിൻസിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് താൻ പ്രതികരണം നടത്തിയത്.
സംഭവം നടന്നയുടൻ സ്‌ഥലത്ത് എത്തിയിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യ ലഭിച്ച വിവരം. പിന്നാലെയാണ് കുട്ടിയുടെ അമ്മയെ കാണാനില്ലെന്ന വിവരം കിട്ടിയത്. ആദ്യം മുതൽ തന്നെ ജെസിബി എത്തിക്കാൻ നോക്കി. എന്നാൽ, ജെസിബി എത്തിക്കാൻ പ്രയാസമുണ്ടായി. ഗ്രിൽ കട്ട് ചെയ്‌താണ് ജെസിബി എത്തിച്ചത്. തകർന്ന കെട്ടിടം പഴയ ബ്ളോക്കിലാണ്. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ട്. ആദ്യകാലത്ത് നിർമിച്ച ഈ കെട്ടിടത്തിന് 68 വർഷത്തോളം പഴക്കമുണ്ട്. ഈ കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഭവം ജില്ലാ കലക്‌ടർ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിശമന സേനയുമായി ആലോചിച്ചാണ് കാര്യങ്ങൾ ചെയ്‌തത്. ദുരന്തനിവാരണ ഗൈഡ്‌ലൈൻ അനുസരിച്ചാണ് പ്രവർത്തിച്ചത്. ഓപ്പറേഷൻ തിയേറ്റർ കൂടി പണി കഴിഞ്ഞശേഷം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇനി അതിന് കാത്തുനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം