ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിന്റെ വീഴ്ചയിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗി മരിച്ചെന്ന് തെറ്റായ വിവരം നൽകിയ ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. വണ്ടാനം മെഡിക്കൽ കോളേജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പരിശോധിക്കും.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി ഇന്നും സംഭവിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് ചികിൽസയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം നൽകിയതായി ആണ് ആരോപണം. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണൻ മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം ലഭിച്ചത്.
ശവ സംസ്കാരത്തിന് തയ്യാറെടുപ്പുകൾ നടത്തി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തുകയും തുടർന്ന് മൃതദേഹം എവിടെയെന്ന അന്വേഷണത്തിൽ രോഗി മരിച്ചിട്ടില്ലെന്ന വിവരം ബന്ധുക്കൾ അറിയുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജിനെതിരായി ഇതിന് മുമ്പും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഐസിയുവിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ സ്വദേശി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നും ഹരിപ്പാട് സ്വദേശിയായ രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും ഇരുവരുടെയും ബന്ധുക്കൾ ആരോപിച്ചിരുന്നു.
രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തിരുന്നു. സൂപ്രണ്ടായിരുന്ന ഡോ. രാം ലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
National News: പുതിയ നേതൃത്വത്തിൽ ഗുജറാത്തിലെ വികസനം തുടരണം; രാജിക്ക് ശേഷം വിജയ് രൂപാണി








































