കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വാഹന പരിശോധന പോലീസ് വീണ്ടും പുനഃരാരംഭിച്ചു. ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ ഇവയുടെ ലംഘനം പിടിക്കാനായാണ് പരിശോധന പുനഃരാരംഭിച്ചത്. ഈ മാസം 31 വരെയാണ് നിരോധനാജ്‌ഞ. ജില്ലയില്‍ ഇതുവരെ നിരോധനാജ്‌ഞ ലംഘനത്തിന് ആറ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും ജില്ലയില്‍ രൂക്ഷമായി തുടരുന്നുണ്ട്. ഇത് കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നു.
മാസ്‌ക് ധരിക്കാതെ ആളുകള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് മാസ്‌ക് ധരിക്കാത്തതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എടുത്തിരിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 402 ആളുകള്‍ക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് നടപടി എടുത്തത്. ഒപ്പം തന്നെ അനാവശ്യമായി റോഡിലിറങ്ങുന്നത് പോലീസ് തടയുന്നുണ്ട്. കൂടാതെ ദൂരസ്‌ഥലങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ആളുകളോടും കര്‍ശനമായി വിവരങ്ങള്‍ തിരക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കാനാണ് പോലീസ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എന്നാല്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്കടക്കം അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു. ഒപ്പം തന്നെ ധാരാളം ആളുകളുമായി ഇടപഴകുന്ന പോലീസ് എല്ലാവരെയും തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതും കോവിഡ് സാഹചര്യത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Malabar news : രോഗവ്യാപനം ഉയരുന്നു; ജില്ലയില്‍ ഫലം വരാനുള്ളത് 8000 ലേറെ പേരുടെ







































