മലപ്പുറം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധനാഴ്ച വരെ ജില്ലയിലെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമാഹാൾ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണ ഭാഗങ്ങളിൽ നിന്നുവരുന്ന ബസുകൾ പോസ്റ്റ് ഓഫീസ് റോഡ് വഴി സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴിതന്നെ തിരികെപ്പോകണം. കൂടാതെ മുക്കം, എടവണ്ണപ്പാറ ഭാഗങ്ങളിൽ നിന്നുവരുന്ന ബസുകൾ എടവണ്ണപ്പാറ ജംഗ്ഷനിൽ നിർത്തുകയും അവിടെ നിന്ന് തിരികെ സർവീസ് തുടങ്ങുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണ ഭാഗങ്ങളിൽനിന്നുള്ള ചെറുവാഹനങ്ങൾക്ക് പോസ്റ്റ് ഓഫീസ് റോഡ് വഴി വൺവേ ആയി മാത്രം പോകാം. കൂടാതെ നിലവിലുള്ള ബസ് സ്റ്റാൻഡിൽ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഓട്ടോറിക്ഷകൾ മുഴുവൻ ചെറിയ ബസ് സ്റ്റാൻഡിൽ മാത്രം പാർക്ക് ചെയ്യണം. ഒപ്പം തന്നെ റോഡ് കൈയേറിയുള്ള പ്രവർത്തനങ്ങളും അനാവശ്യ പാർക്കിങ്ങുകളും ഒഴിവാക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
Read also: സന്ദീപിന്റെ കൊലപാതകം; പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു







































