കണ്ണൂര്‍ : ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന്. കസ്റ്റഡിയിലെടുത്ത വാഹനങ്ങളെ തട്ടിയിട്ട് ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍. സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ഇപ്പോള്‍ റോഡരുകുകളില്‍ വരെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും, മണല്‍കടത്തിന് ഉപയോഗിക്കുന്ന ലോറികളുമാണ് പിടിച്ചെടുത്ത വാഹനങ്ങളില്‍ ഏറെയും.
നേരത്തെ പോലീസ് പരേഡ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് പോലും ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന അവസ്ഥയാണ്. വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം ഇവിടെ നിന്നും നിരവധി വാഹനങ്ങള്‍ മാറ്റിയിരുന്നു. എങ്കില്‍ പോലും ഇപ്പോഴും വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ് സ്റ്റേഷന് പരിസരത്ത് സ്ഥലമില്ലാത്ത സ്ഥിതിയാണ്. 150ലധികം ഇരുചക്ര വാഹനങ്ങള്‍ മാത്രം ഇവിടെയുണ്ട്. ഇവയില്‍ മിക്കതിന്റെയും കേസ് അവസാനിച്ചതാണെങ്കിലും, വാഹനങ്ങള്‍ നശിച്ചതോടെ ഉടമസ്ഥര്‍ ഉപേക്ഷിച്ച സ്ഥിതിയാണ്.
ഇവയെ കൂടാതെ അനധികൃതമായി മണല്‍ കടത്തുന്ന ലോറികളും നിലവില്‍ പോലീസ് സ്റ്റേഷന് പരിസരത്തു ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. തീരദേശ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷനായതിനാലാണ് മണല്‍ കടത്ത് ലോറികളും ഇവിടെ പ്രതിദിനം കൂടി വരുന്നത്. തുരുമ്പെടുത്ത് കാട് കയറി കിടക്കുന്ന ഈ വാഹനങ്ങള്‍ മൂലം പോലീസ് സ്റ്റേഷന് പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം ഉള്‍പ്പടെ രൂക്ഷമാകുകയാണ്.
Read also : സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന് നേതാക്കളും ചര്‍ച്ച തുടങ്ങി







































