കണ്ണൂർ: ജില്ലയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെയാണ് ഇന്ന് മംഗലാപുരത്ത് നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ ദമ്പതികളായ ബൾക്കീസ്-അഫ്‌സൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇന്ന് പിടിയിലായ നിസാം ബൾക്കീസിന്റെ അടുത്ത ബന്ധുവാണ്.
മാർച്ച് ഏഴിനാണ് കണ്ണൂരിലെ പാഴ്‌സൽ ഓഫിസിൽ ടെക്‌സ്‌റ്റെൽസിന്റെ പേരിൽ ബെംഗളൂരുവിൽ നിന്ന് രണ്ട് കിലോ വരുന്ന എംഡിഎംഎ, ഓപിയം അടക്കമുള്ള ലഹരി വസ്‌തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്‌സലും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് നിസാമിന്റെ പങ്കും വ്യക്‌തമായത്.
ബൾക്കീസ് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ നഗരത്തിലെ വസ്‌ത്ര കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് ശേഖര കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്ന് പിടികൂടിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ ജനീസ് ഒളിവിലാണ്.
Most Read: ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്