കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ.
അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്‌റ്റിലാവുന്നവരുടെ എണ്ണം അഞ്ചാകും. കഴിഞ്ഞ ദിവസം മൂന്ന് പേർ അറസ്‌റ്റിലായിരുന്നു. ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശി സനൽ എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
ബോംബിനൊപ്പം വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി പ്രതികൾ വിവാഹ സ്‌ഥലത്ത് എത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കണ്ണൂർ എസ്‌പിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബോംബ് നിർമിച്ചത് താനാണെന്ന് ചോദ്യം ചെയ്യലിൽ മിഥുൻ സമ്മതിച്ചിരുന്നു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുൽ എന്നിവർ ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി.
ഇന്നലെയാണ് കേസിലെ പ്രധാന പ്രതിയായ മിഥുൻ എടക്കാട് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അതേസമയം പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പോലീസിന്റെ നിഗമനം.
Malabar News: വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം