കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. മറ്റു നിരോധിച്ച രാസപദാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇവയിൽ കണ്ടെത്തിയിട്ടില്ല.
രണ്ട് സ്‌ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ട് സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു. ഇത് ഗ്ളേഷ്യൽ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല.
ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാർഥി അവശ നിലയിലായ സംഭവത്തെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ബീച്ചിലെ അഞ്ച് തട്ട് കടകളില്‍ നിന്നുളള സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. കോഴിക്കോട്ടെ തട്ടുകടകളിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ട് മാസം മുൻപേ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് നൽകിയിരുന്നെങ്കിലും കോർപ്പറേഷൻ അവഗണിച്ചതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
കാസർഗോഡ് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസക്ക് വിധേയമാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോൾ കാസർഗോഡ് ചികിൽസയിൽ കഴിയുകയാണ് കുട്ടികൾ.
പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട് എത്തിയത്. ഉപ്പിലിട്ടത് കഴിച്ച് എരിവ് തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛർദിൽ ദേഹത്ത് വീണാണ് മറ്റൊരു കുട്ടിക്കു പൊള്ളലേറ്റത്.
Most Read: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം