ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന് ജഗ്‌ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022 ഓഗസ്‌റ്റ് ആറിന് നടന്ന തിരഞ്ഞെടുപ്പിലാണ് 14ആംമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്‌പരം മാറ്റുരയ്‌ക്കുന്നു എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിൽ നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് അടിസ്‌ഥാനത്തിലായിരിക്കും. പാർട്ടി വിപ്പ് ബാധകമല്ലാത്തതിനാൽ കൂറുമാറ്റ നിരോധനനിയമം പരിധിയിൽ വരില്ല.
അംഗങ്ങൾക്ക് ഇഷ്‌ടമുള്ള ആൾക്ക് വോട്ട് ചെയ്യാനാകും എന്നതുകൊണ്ടുതന്നെ പരമാവധി എതിർപക്ഷത്തിന്റെ വോട്ടുകൾ അടർത്തിമാറ്റാനും സ്വന്തം വോട്ടുകൾ ചോർന്നുപോകാതെ ഉറപ്പിച്ച് നിർത്താനുമുള്ള പ്രയത്നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികൾ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ, ഇരുവിഭാഗത്തിനും സ്വന്തം കരുത്ത് ചോരാതിരിക്കേണ്ടത് അനിവാര്യമാണ്.
തിരഞ്ഞെടുപ്പിൽ അട്ടിമറികൾ ഒന്നുമുണ്ടായില്ലെങ്കിൽ എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം. 2002ൽ ഭൈറോൺസിങ് ശെഖാവത്തിന് ശേഷം കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിക്കുന്ന ഉപരാഷ്‌ട്രപതിയാകും രാധാകൃഷ്‌ണൻ.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം