ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർലമെന്ററി യോഗം ചേരുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്‌ക്കും ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ തീരുമാനിക്കാനുള്ള പൂർണ അധികാരം നൽകി. ഇതുസംബന്ധിച്ച് എൻഡിഎ നേതാക്കൾ പ്രമേയം ഏകകണ്‌ഠേന പാസാക്കിയിരുന്നു. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും.
ബിജെപിയിലെ ഒരു നേതാവിനെ തന്നെ ഉപരാഷ്‌ട്രപതിയായി നിശ്‌ചയിക്കുമെന്നാണ് സൂചന. നാമനിർദ്ദേശ പത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്‌ച ഡെൽഹിയിലെത്താൻ ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ സ്‌ഥാനാർഥിയെ കുറിച്ചുള്ള ചർച്ചയ്‌ക്ക് നേതാക്കളുടെ യോഗം തിങ്കളാഴ്‌ചയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചിരിക്കുന്നത്.
സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും സെപ്‌തംബർ ഒമ്പതിന് നടക്കും. ജൂലൈ 21ന് ജഗ്‌ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022 ഓഗസ്‌റ്റ് ആറിന് നടന്ന തിരഞ്ഞെടുപ്പിലാണ് 16ആംമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!