ന്യൂഡെൽഹി: കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
കുട്ടികളുടെ അശ്ളീല വീഡിയോകളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ളീല വീഡിയോകൾ പ്രചരിപ്പിച്ചാൽ മാത്രമേ അത് കുറ്റകരമാവുകയുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.
ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി പ്രസ്താവം. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ഇത്തരം അശ്ളീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പോലീസിനെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, ചൈൽഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈൽഡ് സെക്ഷ്വൽ ആൻഡ് എക്സ്പ്ളോറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഇതിനായി ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും