ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്‌ഥാന സമ്മേളനം ഉടൻ നടത്തും. സംസ്‌ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും.
ട്രിച്ചിയിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുക. ഇതിന് പുറമെ തമിഴ്‌നാട്ടിലെ 100 നിയമസഭാ മണ്ഡലങ്ങളിൽ വിജയ് പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ ആയിരിക്കും വിജയിയുടെ കാൽനടയാത്രയും. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയിയുടെ യാത്ര.
രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ഇതുവരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും താരം വിളിച്ചിരുന്നില്ല. നേരത്തെ താരത്തിന്റെ 50ആം പിറന്നാൾ ദിനത്തിൽ പാർട്ടിയുടെ മഹാസമ്മേളനം മധുരയിൽ വിളിക്കുമെന്നായിരുന്നു സൂചനയെങ്കിലും അത് സംഭവിച്ചില്ല. നിലവിലെ രാഷ്‌ട്രീയ സാഹചര്യം വിജയിക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
10, 12 ക്ളാസുകളിലെ വിദ്യാർഥികളെ അനുമോദിക്കാനായി വിജയ് വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്‌നാടിനെ വലിഞ്ഞുമുറുക്കുന്ന ലഹരിമാഫിയക്കെതിരെ താരം തുറന്നടിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത വിജയ് വേദിയിൽ കയറാതെ സദസിൽ ഉണ്ടായിരുന്ന ദളിത് വിദ്യാർഥികൾക്കൊപ്പം ഇരുന്നത് വലിയ ചർച്ചയായിരുന്നു. ദളിത് വോട്ടുബാങ്കാണ് താരം ലക്ഷ്യംവെക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ നിലപാടുകൾ ചർച്ചയാകുന്നത്.
Most Read| സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും; ജാഗ്രത വേണം; റെഡ് അലർട്