കോഴിക്കോട്: ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ കാണാതായ കേസിൽ നിർണായക വഴിത്തിരിവ്. 2019ലാണ് വിജിലിനെ കാണാതാവുന്നത്. കേസിൽ സുഹൃത്തുക്കളായ രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെകെ നിഖിൽ, വേണ്ടരി സ്വദേശി ദീപേഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ലഹരിമരുന്ന് അമിതമായ അളവിൽ കുത്തിവെച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ നഗരത്തിലെ സരോവരം പാർക്കിന്റെ ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വെസ്‌റ്റ്ഹിൽ വേലത്തിപടിക്കൽ വിജിലിനെ (29) 2019 മാർച്ച് 17നാണ് കാണാതായത്. ചുങ്കത്തുള്ള വീട്ടിൽ നിന്ന് ബൈക്കിൽ പോയ ശേഷം വിജിലിനെ ആരും കണ്ടിരുന്നില്ല.
നിലവിൽ കേസിലെ ഒന്നാം പ്രതിയായി ചേർത്ത നിഖിലിനൊപ്പമാണ് വിജിൽ ബൈക്കിൽ പോയതെന്ന വിവരം അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ, ഇയാളുടെ പങ്ക് വ്യക്‌തമായിരുന്നില്ല. പിന്നീട് ഇയാൾ ഉൾപ്പടെ ചില സുഹൃത്തുക്കൾക്ക് ഈ തിരോധാനത്തിൽ പങ്കുണ്ടെന്ന സൂചനകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പൂവത്തുപറമ്പിൽ രഞ്‌ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.
സരോവരം പാർക്കിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ച് ബ്രൗൺഷുഗർ അമിതമായ തോതിൽ പ്രതികൾ കുത്തിവെച്ചതിനെ തുടർന്നാണ് വിജിൽ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് തെളിവ് നശിപ്പിക്കുന്നതിനായി വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്‌ത്തിയെന്നാണ് വിവരം. എലത്തൂർ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ കെആർ രഞ്‌ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം