കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി വീഡിയോയിലൂടെ പറഞ്ഞിരുന്നു. പിന്നാലെയാണ് ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതിന് പിന്നാലെയാണ് വിൻസി പരാതിയുമായി രംഗത്തെത്തിയത്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞിരുന്നു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ചേരും. അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും.
പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസെടുത്ത് അന്വേഷണം നടത്തൂ. കൊച്ചി എക്സൈസാണ് വിവരങ്ങൾ ശേഖരിക്കുക. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ലെന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ഒരു നടൻ സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.
Most Read| ജസ്റ്റിസ് ബിആർ ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; സത്യപ്രതിജ്ഞ മേയ് 14ന്