ന്യൂഡെൽഹി: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ ഹിന്ദു മതവിഭാഗത്തിന് നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിസ്‌ഥാനിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിലീപ് ഘോഷ്. “അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങൾ ബംഗ്ളാദേശിലെ തീവ്രവാദ സംഘടനകൾക്ക് പ്രചോദനമായി. അതുകൊണ്ടാണ് അവിടെ ഹിന്ദുക്കൾക്ക് നേരെ തീവ്രമായ ആക്രമണങ്ങൾ നടക്കുന്നത്,”- അദ്ദേഹം ആരോപിച്ചു.
ഈ വർഷം ഓഗസ്‌റ്റിൽ അഫ്‌ഗാനിസ്‌ഥാനിൽ തീവ്രവാദ സംഘടനയായ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ കുറിച്ചാണ് ദിലീപ് ഘോഷ് പരാമർശിച്ചത്.
“ബംഗ്ളാദേശിൽ ഹിന്ദു സമൂഹം വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നു. ഒരു സംഭവം മങ്ങുകയും മറ്റൊന്ന് സംഭവിക്കുകയും ചെയ്യുന്നു. ബംഗ്ളാദേശ് സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണം. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്, അതിനാൽ അവരെയും സംരക്ഷിക്കണം,”- ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് മുഖപത്രമായ ‘ജാഗോ ബംഗ്ളാ’ എഡിറ്റോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ വന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. ബംഗ്ളാദേശിലെ ഹിന്ദുക്കൾക്ക് എതിരായ അക്രമത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചതിനെ കുറ്റപ്പെടുത്തിയ മുഖപത്രം ബിജെപിയുടെ രാഷ്‌ട്രീയ മൈലേജ് നേടാനുള്ള ശ്രമമാണ് ആക്രമണത്തിന് കാരണമെന്നും ആരോപിച്ചിരുന്നു.
സംഭവം നടന്നത് ബംഗ്ളാദേശിലാണ്, ഞങ്ങൾക്ക് എങ്ങനെ ഗൂഢാലോചന നടത്താനാകും? ത്രിപുരയിലും അസമിലും പോകുന്ന ബംഗാളികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത തൃണമൂൽ കോൺഗ്രസ് ബംഗ്ളാദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കണം. എന്തുകൊണ്ടാണ് അവർ ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി അഭ്യർഥിക്കാത്തത്? ദിലീപ് ഘോഷ് ചോദിച്ചു.
കഴിഞ്ഞയാഴ്‌ച ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് ബംഗ്ളാദേശിൽ മുസ്‌ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. ദുര്‍ഗാ പ്രതിഷ്‌ഠക്ക് മുന്നില്‍ ഖുർ ആൻ വെച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. അക്രമം രാജ്യത്ത് അങ്ങിങ്ങായി കത്തിപ്പടരുകയും ചെയ്‌തു.
രാജ്യത്തെ മതസാഹോദര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന്‍ പ്രതികരിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ എല്ലാ തരത്തിലും സംരക്ഷിക്കുമെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. അക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ഹിന്ദു, ബുദ്ധ, ക്രിസ്‌ത്യൻ യൂണിറ്റി കൗണ്‍സില്‍ ഒക്‌ടോബർ 23 മുതല്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Most Read: അജ്‌ഞതമൂലമുള്ള തെറ്റ്; ജീവനക്കാരന്റെ ‘ഹിന്ദി’ ഉപദേശത്തിൽ സൊമാറ്റോ