തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപ്പോര് കനക്കുന്നു. വിഴിഞ്ഞത്ത് ആദ്യമെത്തിയ മദർഷിപ്പിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകാനിരിക്കെ, പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു.
പദ്ധതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച് ജില്ലാ ആസ്‌ഥാനങ്ങളിൽ നാളെ വൈകിട്ട് പ്രകടനം നടത്തുമെന്നും ഹസൻ പറഞ്ഞു. നാളത്തെ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാതിരുന്നതാണ് രാഷ്‌ട്രീയപ്പോരിന് ഇടയാക്കിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപിയും പങ്കെടുക്കുമെന്ന് എം വിൻസന്റ് എംഎൽഎയും പറഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്നത് സംബന്ധിച്ചാണ് ഭരണ-പ്രതിപക്ഷ പോര് കടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ യഥാർഥ ശിൽപ്പിയെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, പിണറായി സർക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം യാഥാർഥ്യമാകാൻ കാരണമെന്നാണ് മന്ത്രി വിഎൻ വാസവൻ ഉൾപ്പടെ പറയുന്നത്.
വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകമാണെന്ന് പ്രതിപക്ഷ വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് അഴിമതിയാണെന്നും പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മൻചാണ്ടിയുടെയും യുഡിഎഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും സതീശൻ സാമൂഹിക മാദ്ധ്യമത്തിൽ വിമർശിച്ചിരുന്നു.
കടൽക്കൊള്ള എന്നാണ് പാർട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്. ഓർമകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരുമുണ്ട്. അവർക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ എന്ന് കുറിച്ച സതീശൻ, പദ്ധതി സംബന്ധിച്ച വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി