തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്‌ത ചരക്കിന്റെ അളവിൽ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ പ്രവർത്തനം തുടങ്ങി മൂന്നുമാസം മാത്രം പിന്നിട്ട വിഴിഞ്ഞത്തിന്റെ നേട്ടം വിസ്‌മയകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്
അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്‌ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്ക്-കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്‌ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം.
ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്ഷ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നുമാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്‌മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78,833 ടിഇയു ചരക്കാണ് അദാനി വിഴിഞ്ഞം കണ്ടെയ്‌നർ ടെർമിനൽ കൈകാര്യം ചെയ്‌തത്.
ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്‌ചയത്തോടെ സർക്കാർ മുന്നോട്ട് പോകും.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ