വാഷിങ്ടൻ: 2022ൽ ഡൊണാൾഡ് ട്രംപ് ആയിരുന്നു യുഎസ് പ്രസിഡണ്ടെങ്കിൽ യുക്രൈനുമായി സംഘർഷം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അലാസ്‌കയിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടന്ന സംയുക്‌ത വാർത്താ സമ്മേളനത്തിലായിരുന്നു പുട്ടിന്റെ പരാമർശം.
റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയ സമയത്ത് താൻ ആയിരുന്നു യുഎസ് പ്രസിഡണ്ടെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ അവകാശവാദത്തെയാണ് ഇപ്പോൾ പുട്ടിനും അംഗീകരിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 24നാണ് റഷ്യ-യുക്രൈൻ സംഘർഷം ആരംഭിച്ചത്. ഈ സമയത്ത് ജോ ബൈഡനായിരുന്നു യുഎസ് പ്രസിഡണ്ട്.
”2022ൽ ഭരണകൂടവുമായുള്ള അവസാന കൂടിക്കാഴ്‌ചയിൽ യുഎസിലെ അന്നത്തെ എന്റെ സഹപ്രവത്തകനോട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിലേക്ക് സാഹചര്യം വഷളാകുന്നത് ഒഴിവാക്കേണ്ടതിനെ പറ്റി ബൈഡനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് ഞാൻ അത് നേരിട്ട് പറഞ്ഞിരുന്നു”- പുട്ടിൻ പറഞ്ഞു.
”പ്രസിഡണ്ട് ട്രംപും ഞാനും തമ്മിൽ വളരെ നല്ല രീതിയിൽ വിശ്വസനീയമായ ബന്ധം സ്‌ഥാപിച്ചു. ഈ പാതയിലൂടെ നീങ്ങുമ്പോൾ, യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എത്രയും വേഗം, എത്ര വേഗമാണോ അത്രയും നല്ലത്”- പുട്ടിൻ പറഞ്ഞു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!