വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന്. മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിസമാപ്‌തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച. ട്രംപ്-പുട്ടിൻ ചർച്ചകളുടെ തുടർച്ചയാണ് കൂടിക്കാഴ്‌ച.
പുട്ടിനുമായുള്ള ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിൽ എത്തിയെന്നും എന്നാൽ അന്തിമകരാറിൽ എത്തിയില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. താൽക്കാലിക വെടിനിർത്തൽ കരാറിനേക്കാൾ നേരിട്ട് സമാധാന കരാർ ഒപ്പിടുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞിരുന്നു. പുട്ടിനുമായി വേണ്ടിവന്നാൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന സൂചനകളും അദ്ദേഹം നൽകിയിട്ടുണ്ട്.
വാഷിങ്ടൻ ഡിസിയിലാണ് ട്രംപും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്‌ച നടക്കുന്നത്. ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി, ജർമൻ ചാൻസലർ ഫ്രഡ്‌റിച്ച് മെർസ്, ഫിൻലാൻഡ് പ്രസിഡണ്ട് അലക്‌സാണ്ടർ സ്‌റ്റബ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ദെർ ലയാൻ തുടങ്ങിയവർ ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെ ചർച്ചയ്‌ക്കിടെ ട്രംപും വൈസ് പ്രസിഡണ്ട് ജെഡി വാൻസും സെലൻസ്‌കിയോട് കയർത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും യുക്രൈൻ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യൻ നേതാക്കൾ സെലൻസ്‌കിയെ അനുഗമിക്കുന്നത്. അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ മനസുവയ്‌ക്കുന്നില്ലെന്ന് യൂറോപ്യൻ നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അലാസ്‌ക ഉച്ചകോടിക്ക് ശേഷമുള്ള പുട്ടിന്റെ നിലപാട് സമയം കളയാനുള്ള മാർഗമാണെന്നും യുക്രൈന്റെ കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞിരുന്നു. അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്‌ട്രങ്ങളും യുക്രൈന് സുരക്ഷാ വാഗ്‌ദാനങ്ങൾ നൽകുന്നതിൽ പുട്ടിൻ സമ്മതം അറിയിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് ഇന്നലെ പറഞ്ഞിരുന്നു. ഇത് നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ