കോഴിക്കോട്: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി ഉൾക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. അതേസമയം, കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്.
കപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. നിലവിൽ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്നറുകളിലേക്കും തീ പടർന്നിട്ടുണ്ട്. ഇപ്പോഴും കപ്പലിൽ നിന്ന് വൻതോതിൽ പുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണ വിധേയമാക്കാനാണ് ശ്രമം.
ഏകദേശം 650 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. അതിനിടെ, നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്ക് ദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്.
മുകൾ ഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധന ടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. ഈ ഭാഗത്തേക്ക് തീപടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. കോസ്റ്റ് ഗാർഡ് കപ്പലുകൾക്കൊപ്പം ഡോർണിയർ വിമാനങ്ങളും അപകടമേഖലയിൽ നിരീക്ഷണത്തിനുണ്ട്. നാവികസേനയുടെ ഐഎൻഎസ് സത്ലജും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാൻമർ, ഇന്തൊനീഷ്യൻ, തായ്ലൻഡ് സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേർ കടലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി








































