കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കടൽക്ഷോഭത്തിന്റെ ബാക്കിപത്രമായി ജില്ലയിലെ തീര മേഖലകളിൽ മാലിന്യ കൂമ്പാരം. അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് 2 ദിവസത്തെ ശക്തമായ കടലാക്രമണത്തിൽ തീരമേഖലയിൽ വ്യാപകമായി കടലിൽ നിന്നും മാലിന്യങ്ങൾ ഒഴുകിയെത്തി. ഇതോടെ തീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലും, ഒഴുക്കില്ലാത്ത ജലാശയങ്ങളിലും മാലിന്യം കൂടിക്കിടക്കുകയാണ്.
മൈതാനപ്പള്ളി, ആയിക്കര, പയ്യാമ്പലം, നീർച്ചാൽ, ഉരുവച്ചാൽ, തോട്ടട, കിഴുന്ന, ഏഴര മേഖലകളിലാണ് വൻതോതിൽ മാലിന്യക്കൂമ്പാരം ഉണ്ടായിരിക്കുന്നത്. ബീച്ചുകളിൽ ഉൾപ്പടെ മാലിന്യം എത്തിയതോടെ കടുത്ത പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. പ്ളാസ്റ്റിക്കിന് പുറമെ അറവ് അവശിഷ്ടം, ചപ്പുചവറുകൾ, മരക്കഷ്ണങ്ങൾ എന്നിവയും തീരത്തടിഞ്ഞിട്ടുണ്ട്.
നിലവിൽ ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ തുടരുകയാണ്. ഒപ്പം തന്നെ ഈ മാസം അവസാനത്തോടെ കാലവർഷവും എത്തും. ഈ സാഹചര്യത്തിൽ മാലിന്യം പൂർണമായും നീക്കാനായില്ലെങ്കിൽ കടുത്ത പാരിസ്ഥിതിക, ആരോഗ്യപ്രശ്നത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതരും നാട്ടുകാരും. മാലിന്യം നീക്കം ചെയ്യാതിരുന്നാൽ കാലവർഷം ആരംഭിക്കുന്നതോടെ ഇവ ഒഴുകി താഴ്ന്ന പ്രദേശങ്ങളിലെ ജലാശയങ്ങളിൽ എത്തിച്ചേരും. ഇത് പകർച്ചവ്യാധികൾ വർധിക്കാൻ ഇടയാക്കുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. അതിനാൽ തന്നെ മാലിന്യം നീക്കാനുള്ള നടപടി കോർപറേഷനും അതാത് ഭാഗത്തെ ജനങ്ങളും ആരംഭിച്ചിട്ടുണ്ട്.
Read also : 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി പാർവതി






































