ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. സൈനികരെ എങ്ങനെ മികച്ച രീതിയിൽ സജ്‌ജരാക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുപകരം, സായുധ സേനയുടെ യൂണിഫോമിനെ കുറിച്ച് ചർച്ച ചെയ്‌ത് സമിതി സമയം പാഴാക്കിയതായി ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോയത്. അതേസമയം പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത് യോഗത്തിൽ പങ്കെടുത്തു.
സായുധ സേനയുടെ യൂണിഫോമിനെക്കുറിച്ച് സമിതി ചർച്ച ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി ഇടപെടുകയും ഇത് സായുധ സേനയിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്‌ഥർക്ക് തീരുമാനിക്കാമെന്ന് പറയുകയും ആയിരുന്നു. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ വിന്യസിച്ച സൈനികരെ കുറിച്ച് പറയാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ സമിതി ചെയർമാനായ ബിജെപി എംപി ജുവൽ ഒറാം തടഞ്ഞു.
ലഡാക്കിൽ ചൈനയുമായി പോരാടുന്ന ചൈനീസ് സന്യത്തെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെ കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും രാഷ്‌ട്രീയ നേതൃത്വം ചർച്ചചെയ്യണം എന്നുപറഞ്ഞ തന്നെ, അതിനുശേഷം സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read: കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്‌ന പരിഹാരത്തിന് സമിതി