പാലക്കാട്: നീരൊഴുക്ക് കുറഞ്ഞതോട മംഗലം ഡാമിന്റെ ഷട്ടറുകൾ അടച്ചു. അഞ്ച് മാസത്തോളമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്. മഴ കുറഞ്ഞതും രണ്ടാംവിള നെൽ കൃഷിക്കായി കനാലുകൾ തുറന്നതിലുമാണ് ഷട്ടറുകൾ അടച്ചത്. മംഗലം അണക്കെട്ടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഷട്ടർ തുറന്നിട്ടത് ഈ വർഷമാണ്. കഴിഞ്ഞ ജൂലൈ 15ന് തുറന്ന ഷട്ടറുകൾ ഈ മാസം ഒമ്പതിനാണ് അടച്ചത്.
ഇതിനിടയിൽ ഒരുതവണ പോലും ഷട്ടറുകൾ അടച്ചിട്ടില്ല. അണക്കെട്ടിന്റെ ആറ് ഷട്ടറുകളും അഞ്ചുമാസത്തോളം തുറന്ന് കിടന്നു. ഷട്ടറുകൾ അടച്ചെങ്കിലും നിലവിൽ 77.70 മീറ്റർ ജലനിരപ്പ് അണക്കെട്ടിലുണ്ട്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അതേസമയം, ഇന്ന് മുതൽ കനലുകൾ തുറന്നതോടെ ജലനിരപ്പ് ക്രമീകരിക്കപ്പെടും. ഈ വർഷം ലഭിച്ച കനത്ത മഴയാണ് ഇത്രയും നാൾ ഷട്ടറുകൾ തുറന്നിരിക്കാൻ കാരണം. അണക്കെട്ടിൽ ചെളിയും മണ്ണും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്.
ഈ വർഷം മുതൽ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. രണ്ടാംവിള നെൽ കൃഷിക്കായി അണക്കെട്ടിന്റെ ഇടത്-വലത് കനാലുകളാണ് ഇന്ന് മുതൽ തുറന്നത്. രണ്ടാം വിളക്കായി ഞാറ്റടി തയ്യാറാക്കാനും നടീൽ നടത്താനും കർഷകർക്ക് വെള്ളം എത്തിക്കാനാണ് കനാലുകൾ തുറന്നത്. 24 കിലോമീറ്ററാണ് ഇടത് കനാലിന്റെ നീളം. വലത് കനാലിന് 21.5 കിലോമീറ്റർ നീളവുമുണ്ട്.
Most Red: കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി



































