തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം പുനഃസ്‌ഥാപിച്ചില്ല. വൈകിട്ട് നാലുമണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായിട്ടില്ല.
പമ്പിങ് ഇതുവരെ തുടങ്ങാൻ സാധിക്കാതെ വന്നതോടെ തലസ്‌ഥാന വാസികൾ നാല് ദിവസമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ തിരുവനന്തപുരം കോർപറേഷനിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അതിനിടെ, സർക്കാരിനെതിരെ ഭരണകക്ഷി എംഎൽഎ തന്നെ വിമർശനവുമായി രംഗത്തെത്തി.
കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തത് കുറ്റകരമായ അനാസ്‌ഥയാണെന്ന് വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ഒരു സ്‌ഥലത്ത് പണി നടക്കുന്നത് കാരണം മുഴുവൻ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണെന്നും എംഎൽഎ ചോദിച്ചു. കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
എന്നാൽ, അറ്റകുറ്റപ്പണിയുടെ അന്തിമഘത്തിലുണ്ടായ താളപ്പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതോടെ പമ്പിങ് മുടങ്ങിയെന്നാണ് വിശദീകരണം. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും പരമാവധി സ്‌ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണ് നഗരത്തിന്റെ 44 വാർഡുകളിൽ ജലവിതരണം മുടങ്ങിയത്. 48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്‌ചയിച്ചിരുന്ന പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.
നിലവിൽ ടാങ്കർ വഴി വെള്ളം എത്തിക്കുന്നുണ്ട്. വെള്ളം ആവശ്യമുള്ള സ്‌ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്‌റ്റന്റ് എഞ്ചിനിയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്ന് ജല അതോറിറ്റി അറിയിച്ചു. എന്നാൽ, ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ വൻതുകയാണ് മുടക്കിയത്. 500 ലിറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപവരെ നൽകേണ്ടി വരുന്നത്.
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടി 5,6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ, പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. ഇതോടെ, ജലവിതരണത്തിന് പകരം സംവിധാനം ഒരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രൂക്ഷമായ പ്രതിഷേധം ഉയരുകയായിരുന്നു.
Most Read| കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്‌തമായ മഴ; യെല്ലോ അലർട് പ്രഖ്യാപിച്ചു