കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വൻ നാശനഷ്ടം. നിരവധി വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കോർപറേഷൻ 45ആം ഡിവിഷനിലെ 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കാണ് പുലർച്ചെ മൂന്നുമണിയോടെ തകർന്നത്. കൊച്ചി നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും.
ടാങ്കിന് പിന്നലായുള്ള പത്തോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളത്തിൽ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. ജനങ്ങളുടെ പരിഭ്രാന്തി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജലസംഭരണിക്ക് 40 വർഷത്തോളം പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലിറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു.
രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്. ഇതിൽ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്ന് പോയത്. പുലർച്ചെയായതിനാൽ ആളുകൾ അറിയാൻ വൈകിയതാണ് ദുരിതം ഇരട്ടിയാക്കിയത്. വീടുകളിൽ വെള്ളം കയറിയതിന് ശേഷമാണ് എല്ലാവരും അറിഞ്ഞത്. അപ്പോഴേക്കും ചെളിയും മറ്റും വീടുകളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
മിക്ക വീടുകളിലും ചെളി കോരിയെറിയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ചെളിയും വെള്ളവും കയറി സ്റ്റാർട്ട് ചെയ്യാനാകാത്ത അവസ്ഥയാണുള്ളത്. ബൈക്കുകളും മറ്റും വെള്ളത്തിന്റെ ശക്തിയിൽ മറഞ്ഞുവീണ് ചെളിയിൽ പുതഞ്ഞ നിലയിലാണുള്ളത്. തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടുമെന്നാണ് വിവരം.
ജലവിതരണം പഴയ സ്ഥിതിയിലാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിസ്താരമേറിയ ടാങ്കിന്റെ ഒരു ഭാഗത്തെ പാളികളാണ് അടർന്നുമാറിയത്. പ്രദേശത്തെ നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ സാധനങ്ങളും വെള്ളം കയറി നശിച്ച നിലയിലാണ്. ആരോഗ്യ കേന്ദ്രത്തിലെ പിപിഇ കിറ്റുകൾ ഉൾപ്പടെയുള്ളവ ഒഴുകിപ്പോയി.
Most Read| പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ








































