വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ രാത്രി 10 മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 126 പേരുടെ മരണം സ്‌ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്‌ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്‌ഥയും ഉണ്ടായി.
അതേസമയം, മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്‌ഥയുമുണ്ട്. കാലാവസ്‌ഥയും രാത്രിയാകുന്നതോടെ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്.
മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്ക് നിരവധി പേരെയാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മേപ്പാടിയിലെ രണ്ട് ദുരിതാശ്വാസ കാംപുകളിലേക്ക് കൂട്ടമായാണ് ആളുകൾ വന്നുകൊണ്ടിരിക്കുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ 42 മൃതദേഹമാണുള്ളത്. ഇതില്‍ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളില്‍ ചികിൽസയിലാണ്.
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ടുപോയ നൂറോളം പേരെ വ്യോമസേനയുടെ ഹെലികോപ്‌റ്റർ എയര്‍ലിഫ്റ്റ് ചെയ്‌ത് പുറത്തെത്തിച്ചു. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയര്‍ ലിഫറ്റ് ചെയ്‌തത്. അതേസമയം, മരണം സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ഇനിയും 500ഓളം പേരെ ബന്ധപ്പെടാനുണ്ട്. ഇവരിൽ എത്രപേർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് പ്രവചിക്കാൻ ഇപ്പോൾ കഴിയില്ല. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയ കൂട്ടത്തിലുണ്ട്. എങ്കിലും ആയിരക്കണക്കിന് പേർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത് ആശ്വാസമാണ്. മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
MOST READ | യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ!