നാളെ ചാലിയാറിന്റെ 40 കിലോമീറ്റർ പരിധിയിൽ പരിശോധന

പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്‌റ്റ് ഗാർഡ്, ഫോറസ്ററ്, നേവി ടീമും തിരച്ചിൽ നടത്തും. നിലവിൽ വയനാട്ടിൽ മാത്രം 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്‍.

By Desk Reporter, Malabar News
Wayanad Flood 2024
Image courtesy: BBC | Cropped By MN
Ajwa Travels

കൽപ്പറ്റ: ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ നാൽപത് കിലോമീറ്ററിലെ 8 പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു.

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നാളെ മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് നാളെ തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്‌റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്‌ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെയാണ് വെള്ളിയാഴ്‌ച മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങുക. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും.

25 ആംബുലൻസുകളാണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്‌നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്‌ടർ പ്രത്യേക പാസ് നൽകും. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്‌ഡ് റഡാർ ശനിയാഴ്‌ച എത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ 6 നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്‌ നാട്ടിൽ നിന്നും നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീൻ എന്നിവ ലഭ്യമാക്കും. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരും ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീയും പങ്കെടുത്തു.

നേരത്തെ മന്ത്രിസഭാ ഉപസമിതി വിവിധ സേനകളുടെ മുതിർന്ന ഉദ്യോഗസ്‌ഥരുമായും യോഗം ചേർന്നു. എല്ലാ സേനകളും വ്യാഴാഴ്‌ച നടത്തിയ പ്രവർത്തനങ്ങളും നാളെ നടത്താൻ പോകുന്ന പ്രവർത്തനങ്ങളും വിവരിച്ചു.

KAUTHUKAM | ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE