കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെപ്പേർ ഉൾപ്പെടാനുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. 388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട് പട്ടിക സർക്കാർ പുറത്തിറക്കിയത്.
എന്നാൽ, പട്ടികയിൽ 10,11,12 വാർഡുകളിലെ നിരവധി കുടുംബങ്ങൾ വിട്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളുടെ വീട് പൂർണമായി നശിച്ചിട്ടുണ്ട്. അതിൽ 120 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഒറ്റഘട്ടത്തിൽ പുനരധിവാസം പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം, ഇത് കരട് പട്ടിക മാത്രമാണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു. 15 ദിവസത്തെ ഇടവേള ഉണ്ടെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇക്കാര്യം പരാതിപ്പെടാമെന്നും അധികൃതർ പറഞ്ഞു. വിട്ടുപോയവരെ കൂടി ഉൾപ്പെടുത്തി 30 ദിവസത്തിനകം പട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തബാധിതരായ ഒരാളെപ്പോലും പട്ടികയിൽ ഉൾപ്പെടുത്താതിരിക്കില്ലെന്നും ഭരണകൂടം വ്യക്‌തമാക്കി. ഘട്ടംഘട്ടമായി പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് മേപ്പാടി ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും പറയുന്നു. ഒറ്റഘട്ടത്തിൽ പുനരധിവാസം പൂർത്തിയാക്കണമെന്നാണ് അവരുടെ ആവശ്യം.
അതേസമയം, വയനാട് പുനരധിവാസത്തിന് വീട് അടക്കം വാഗ്‌ദാനം ചെയ്‌തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒരാളും വിട്ട് പോകാതെ എല്ലാവരുമായും കൂടിക്കാഴ്‌ച നടത്തും. ഭൂമി ലഭ്യതയിൽ കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർ നടപടി ഉറപ്പാക്കാൻ സർക്കാർ സജ്‌ജമാണ്. ഭൂമിയിൽ അവ്യക്‌തത തുടരുന്നത് കൊണ്ടുമാത്രമാണ് ചർച്ചകൾ ഇതുവരെ നടത്താത്തതെന്നും റവന്യൂ മന്ത്രി വ്യക്‌തമാക്കി.
Most Read| ‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്‌റ്റ് റണ്ണറപ്പ്