വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് രജിസ്‌ട്രാർ അറിയിച്ചു. ദുരന്ത സ്‌ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.
മൃതദേഹങ്ങൾ മറ്റു രജിസ്ട്രേഷൻ യൂണിറ്റ് പരിധികളിൽ നിന്നും ലഭിക്കുകയാണെങ്കിൽ അതത് സ്‌ഥലങ്ങളിലെ ഇൻക്വസ്‌റ്റിങ് ഓഫീസർമാർ മേപ്പാടിയിലേക്ക് റിപ്പോർട് ചെയ്യണം. മൃതദേഹങ്ങൾ ലഭിച്ച പ്രദേശത്തെ തദ്ദേശ സ്‌ഥാപനങ്ങളിൽ ദുരന്തത്തിൽപ്പെട്ടവരുടെ മരണം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ രജിസ്‌റ്റർ ചെയ്യാൻ റിപ്പോർട് ഫോറം ഉൾപ്പടെ രജിസ്‌ട്രാർക്ക് അയച്ചു നൽകണം.
അതോടൊപ്പം യൂണിറ്റിലെ മരണ രജിസ്ട്രേഷൻ റദ്ദാക്കണം. നടപടിക്രമങ്ങളുടെ അടിസ്‌ഥാനത്തിൽ റിപ്പോർട് ചെയ്യുന്ന മരണ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യും. വിവരങ്ങൾ പൂർണമല്ലെങ്കിൽ ലഭ്യമാകുന്ന സമയത്ത് രജിസ്‌ട്രേഷനിൽ കൂട്ടിച്ചേർക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മരണപ്പെട്ട് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം ഇൻക്വസ്‌റ്റിങ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർ എന്ന് രേഖപ്പെടുത്തി രജിസ്‌റ്റർ ചെയ്യും. മരണപ്പെട്ടയാളുടെ പൂർണ വിവരങ്ങൾ ലഭ്യമാകുമ്പോൾ ബന്ധപ്പെട്ട രജിസ്‌ട്രേഷനുകളിൽ ആവശ്യമായ തിരുത്തലും കൂട്ടിച്ചേർക്കലും നടത്തും.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം







































