തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഇതുവരെ ചിലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്‌ഥാന സർക്കാർ. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്.
സഹായം തേടി കേന്ദ്രസർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ 359 മൃതദേഹങ്ങൾ മറവ് ചെയ്യാനുള്ള ചിലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് എസ്‌റ്റിമേറ്റ് നൽകിയത് വലിയ വിവാദമായിരുന്നു. 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും ദുരന്തബാധിത പ്രദേശത്ത് നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്ത് നിന്നും കണ്ടെത്തിയതായും മന്ത്രി വ്യക്‌തമാക്കി.
172 മൃതദേഹങ്ങളും രണ്ട് ശരീര ഭാഗങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇത് ബന്ധുക്കൾക്ക് കൈമാറി. ആറ് മൃതദേഹങ്ങൾ തെറ്റായി തിരിച്ചറിഞ്ഞു കൈമാറിയതായി ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഏഴ് ശരീര ഭാഗങ്ങൾ മനുഷ്യ ശരീരമാണെന്ന് ഉറപ്പ് വരുത്താൻ ഫൊറൻസിക് വിഭാഗത്തിന് കൈമാറി.
തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീര ഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പൂത്തുമലയിൽ തയ്യാറാക്കിയ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം ഇതുവരെ ചിലവഴിച്ച തുക
1. ക്യാംപ് വാഹനങ്ങൾ ഓടിയ വകയിൽ ഇന്ധനചിലവ്, വാടക, താൽക്കാലിക പുനരധിവാസം അറ്റകുറ്റപ്പണി, കിറ്റ് വിതരണം, ശവസംസ്‌കാരത്തിനുള്ള ചിലവ് മുതലായവ- 2,74,12,410.
2. അടിയന്തിര സഹായം എസ്‌ഡിആർഎഫ്- 500 രൂപ വീതം 1103 കുടുംബങ്ങൾക്ക്- 51,55,000.
3. ജീവനോപാധി നഷ്‌ടപ്പെട്ടവർക്കുള്ള ധനസഹായം (സിഎംഡിആർഎഫ് 33 പേർക്ക് 300 രൂപ വീതം 30 ദിവസത്തേക്ക്)- 2,97,000
4. മരിച്ചവരുടെ ആശ്രിതർക്ക് സിഎംഡിആർഎഫിൽ നിന്ന് (148 പേർക്ക് 1,90,000)- 2,85,30,000
5. ഗുരുതരമായി പരിക്കേറ്റവർക്ക് സിഎംഡിആർഎഫിൽ നിന്ന് ചികിൽസാ സഹായം (34 പേർക്ക്)- 17,00,000
6. ശവസംസ്‌കാരത്തിനുള്ള ധനസഹായം സിഎംഡിആർഎഫിൽ നിന്ന് (173 പേർക്ക് 10,000 രൂപ വീതം)- 17,30,000.
7. ദുരിതബാധിതർക്കുള്ള വാടക സിഎംഡിആർഎഫിൽ നിന്ന് (813 കുടുംബങ്ങൾക്ക് ഓഗസ്‌റ്റ്)- 28,57,800
8. ദുരിതബാധിതർക്കുള്ള വാടക സിഎംഡിആർഎഫിൽ നിന്ന് (791 പേർക്ക് സെപ്‌തംബർ)- 46,96,200
9. മരിച്ചവരുടെ ആശ്രിതർക്ക് പിഎംഎൻആർഎഫിൽ നിന്ന് (148 പേർക്ക്)- 2,96,00,000
10. ഗുരുതരമായി പരിക്കേറ്റവർക്ക് ചികിൽസാ സഹായം പിഎംഎൻആർഎഫിൽ നിന്ന് (34 പേർക്ക്)- 17,00,000
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!