കൽപ്പറ്റ: വയനാട് ദുരന്തമേഖലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എന്നാൽ, ചാലിയാർ പുഴയിൽ ഇന്ന് ജനകീയ തിരച്ചിൽ ഉണ്ടാകില്ല. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ അറിയിച്ചിരുന്നു.
അതിനിടെ, ദുരന്തത്തിന് ഇരയായി രേഖകൾ നഷ്‌ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ, ഹൈസ്‌കൂൾ, സെന്റ് ജോസഫ് യുപി സ്‌കൂൾ, മൗണ്ട് താബോർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
താൽക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 250ലധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. അതേസമയം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയാണെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്‌ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
29, 30 തീയതികളിലായി പെയ്‌ത കനത്ത മഴയ്‌ക്ക് പിന്നാലെയാണ് ഉരുൾപൊട്ടലുണ്ടായത്. അപകടമേഖലയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകൾ ഉണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഏഴ് കിലോമീറ്റർ ദൂരത്തോളം അവശിഷ്‌ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്‌ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോര മേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും