ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്‌ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാല് തവണയായി ഏകദേശം 40 മണിക്കൂറോളം ഇഡി ഉദ്യോഗസ്‌ഥർ രാഹുലിനെ ചോദ്യം ചെയ്‌തിരുന്നു. ജൂലൈയിൽ മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂറോളം സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഒരുതവണ കൂടി രാഹുലിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ ആലോചന.
ലോക്‌സഭയിൽ കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ചർച്ചക്കിടെ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിനിടെ ഇഡി തന്നെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കായി താൻ കാത്തിരിക്കുകയാണെന്നും രാഹുൽ അന്ന് പറഞ്ഞിരുന്നു.
Most Read| 2024 പാരിസ് ഒളിമ്പിക്‌സിന് പര്യവസാനം; അടുത്ത വേദി യുഎസ് നഗരം