വയനാട്: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടലിൽ തിരച്ചിൽ രാത്രിയും തുടരുന്നു. രക്ഷാപ്രവർത്തനത്തിനിടെ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചിടത്താണ് പരിശോധന തുടരുന്നത്. പരിശോധന വൈകിട്ടോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന തുടരാൻ തീരുമാനിച്ചത്.
രാത്രി ആയതിനാൽ ഫ്‌ളഡ് ലൈറ്റ് ഉൾപ്പടെ ഒരുക്കിയാണ് തിരച്ചിൽ. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും സൈന്യം, എൻഡിആർഎഫ് സംഘങ്ങളോടും പിൻമാറാൻ റഡാർ പ്രവർത്തിപ്പിക്കുന്ന സംഘം നിർദ്ദേശം നൽകി മിനിറ്റുകൾക്കകമാണ് പരിശോധന തുടരാൻ നിർദ്ദേശിച്ചത്. നാല് ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്‌ഥൻ പ്രതികരിച്ചിരുന്നു.
ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചത്. അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്‌തുവാണോ എന്ന് അറിയില്ലെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ പ്രതികരണം. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെ കൂടി രക്ഷാപ്രവർത്തകർ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്.
ജോൺ, ജോമോൾ ജോൺ, ഏബ്രഹാം ജോൺ, ക്രിസ്‌റ്റീൻ ജോൺ എന്നിവരാണ് രക്ഷപ്പെട്ടത്. തിരച്ചിലിനിടെ ഇവരെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 334 ആയി. ഇന്ന് 18 മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇനി 280 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽ നിന്ന് ഇതുവരെ 184 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് 12 മൃതദേഹങ്ങളാണ് ലഭിച്ചത്. അതിനിടെ, ഉരുൾപൊട്ടൽ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല മോണിറ്ററിങ് ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Most Read| ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം