വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.
എൻഡിആർഎഫ്, സൈന്യം, അഗ്‌നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘമാണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസ്, വനംവകുപ്പ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുമുണ്ട്. പ്രദേശത്ത് കാലാവസ്‌ഥ അനുകൂലമെങ്കിൽ ഹെലികോപ്‌ടറുകൾ എത്തിക്കാനാണ് ശ്രമം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നതായാണ് വിവരം. 481 പേരെ രക്ഷപ്പെടുത്തി.
187 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 98 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്‌തമാക്കുന്നത്. മരിച്ചവരിലേറെയും തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂരിലെ ചാലിയാർ പുഴയിൽ നിന്നും മൃതദേഹങ്ങൾ ലഭിക്കുന്നതിനാൽ തിരച്ചിൽ തുടരും. മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം നടപടികൾ ഒഴിവാക്കില്ല.
എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകാനാണ് ശ്രമം. സംസ്‌കാരം ഒന്നിച്ചു നടത്തണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. മുണ്ടക്കൈ ഭാഗത്ത് അമ്പതിലധികം വീടുകൾ തകർന്നിട്ടുണ്ട്. നിരവധിയാളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ