കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായി. ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിരുന്നത്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് എസ്‌റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുകയും ചെയ്‌തിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായത്. എൽസ്‌റ്റോൺ എസ്‌റ്റേറ്റിൽ 58.5 ഹെക്‌ടറും നെടുമ്പാലയിൽ 48.96 ഹെക്‌ടറും ഏറ്റെടുക്കും. ഡ്രോൺ സർവേയിലൂടെയാണ് സ്‌ഥലം കണ്ടെത്തിയത്. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ടൗൺഷിപ്പുകളിൽ വീടുകൾക്ക് പുറമെ മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. ഊരാളുങ്കൽ സൊസൈറ്റിക്കാണ് പുനരധിവാസത്തിന്റെ നിർമാണ ചുമതല. 750 കോടി മുടക്കിയാണ് നിർമാണം. കിഫ്‌കോണിന് ആണ് നിർമാണ മേൽനോട്ടം.
കൽപ്പറ്റയിൽ ടൗണിനോട് ചേർന്നുകിടക്കുന്ന ടൗൺഷിപ്പിൽ അഞ്ച് സെന്ററിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കുന്നത്. റോഡ്, പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണമാകും നടത്തുക. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്‌റ്റ് ജനുവരി 25നകം പുറത്തിറക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക