ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടലിന്റെ ദുരന്തം ബാധിച്ചത് എട്ടു കിലോമീറ്ററോളം ദൂരത്തിലെന്ന് റിപ്പോർട്. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിതങ്ങൾ പ്രകാരം, വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ടു കിലോമീറ്ററോളം ദൂരത്തിലാണെന്നാണ് വിവരം.
86,000 ചതുരശ്ര മീറ്റർ സ്‌ഥലത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നാണ് നിരീക്ഷണം. ഇത് ഏകദേശം 8.6 ഹെക്റ്റർ അഥവാ 21.25 ഏക്കർ സ്‌ഥലം വരും. മുൻപ് ഇതേ സ്‌ഥലത്ത് ഉരുൾപൊട്ടൽ നടന്നതിന്റെ ശേഷിപ്പുകൾ വ്യക്‌തമാക്കുന്ന പഴയ ഉപഗ്രഹ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 മേയിൽ പകർത്തിയ ചിത്രമാണ്.
പുതിയ ചിത്രങ്ങൾ റിസാറ്റ് ഉപഗ്രഹവും പഴയത് കാർട്ടോസാറ്റ്-3 ഉപഗ്രഹവുമാണ് പകർത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ ഉൽഭവം. അതിനിടെ, കേരളത്തിന്റെ ഹൃദയം പിളർന്ന ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 172 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇന്നും ചാലിയാറിൽ തിരച്ചിൽ തുടരും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































